Wednesday, 17 July 2013

ആമുഖം

!!!അഹം ഡിങ്കാസ്മി ബ്ലോഗാരംഭം കരിമുഖം!!!സൈബർ ഇടങ്ങളിൽ ധാർമ്മിക രോഷം പ്രകടിപ്പിക്കുന്നവരെ, സ്വയംഭോഗമെന്ന പ്രയോഗമുപയോഗിച്ച് പലരും കളിയാക്കാറുണ്ട്. അങ്ങനെ ആദ്യം ഉപമിച്ചവൻ* ആരായാലും, അതിനെ ഇപ്പോൾ ഏതർത്ഥത്തിൽ ഉപയോഗിക്കപ്പെട്ടാലും, സ്വയംഭോഗത്തെ ദുശ്ശീലമെന്നതിനപ്പുറം ശാസ്ത്രീയമായി നിരീക്ഷിച്ചാൽ അപ്പറഞ്ഞ ഉപമ നുറുശതമാനം പോസിറ്റീവാണെന്നു മനസ്സിലാക്കാനാവും.

പണ്ട് ചായക്കടയിലും ബാർബർ ഷാപ്പിലും കള്ള് ഷാപ്പിലും ബെഞ്ചിൽ അമർന്നിരുന്ന് 'ലോകനിലവാര'ത്തേക്കുറിച്ച് നടത്തിയിരുന്ന 'ടോക്ക് ഷോ'കൾക്ക് കാലക്രമത്തിൽ വന്ന വംശനാശത്തിൽ നിന്ന്  അൽപ്പമെങ്കിലും ആശ്വാസം നേടിത്തരുന്നത് ഈ സൈബർ സ്വയംഭോഗം തന്നെയായിരിക്കും.

ഗോവിന്ദച്ചാമിയെ തൂക്കിക്കൊല്ലണമെന്നും മഅദനിയെ മോചിപ്പിക്കണമെന്നും കീ ബോർഡിനെ പീഡിപ്പിച്ചുന്നയിക്കുന്നവർ ഇതുകൊണ്ട് മാത്രം അതെല്ലാം നടന്നുകിട്ടും എന്നുമോഹിക്കുന്നവരല്ല. പക്ഷേ പൊതു അഭിപ്രായ രൂപീകരണത്തിന്ന് ഈ തുറന്നു പറച്ചിലുകൾ തീർച്ചയായും സഹായകരമാവും. അധികാരം നിലനിർത്താൻ സിസിടിവി വിഷയത്തിൽ പച്ചനുണ പറഞ്ഞ മുഖ്യമന്ത്രി ആ നിലപാട് തിരുത്താൻ കാരണമായത് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിൽ ഐടി വിദഗ്ദരായ ചെറുപ്പക്കാർ രേഖപ്പെടുത്തിയ അഭിപ്രായ പ്രകടനങ്ങൾ മാനിക്കാതിരിക്കാനാവാത്ത അവസ്ഥ വന്നപ്പോഴാണെന്നതും ഓർക്കുക.

ഈ ആമുഖം എഴുതിയത് ധാർമ്മിരോഷപ്രകടനത്തിന്നായി അഥവാ സൈബർ സ്വയംഭോഗത്തിന്നായി പുതിയ ബ്ലോഗ് തുടങ്ങിവയ്ക്കുന്നു എന്ന മുന്നറിയിപ്പ് നൽകാനാണ്. പണ്ട് എഴുതിയിരുന്ന ബ്ലോഗ് ഇടക്കാലത്ത് നിർത്തേണ്ടിവന്നു. വായനക്കാരെ തേടി ബ്ലോഗ് ലിങ്കുമായി നടക്കേണ്ടിവരുന്നതും അങ്ങനെ പോകുമ്പോൾ കിട്ടുന്ന ആട്ടും തുപ്പും സഹിക്കാനാവാതെ അന്നത് മതിയാക്കി. അങ്ങനിരിക്കേ രണ്ടൂസം മുൻപ് മാതൃഭൂമി പത്രത്തിൽ ഒരു തലക്കെട്ട് കണ്ടു; 'ഞാൻ ഇപ്പോൾ ബ്ലോഗർ മാത്രം: എൽ.കെ.അദ്വാനി' എന്ന്. പാർട്ടിയിൽ അദ്ദേഹം നേരിടുന്ന അവഗണനയേക്കുറിച്ചാണ് ആ വാക്കുകൾ കൊണ്ട് അദ്ദേഹം ഉദ്ദേശിച്ചതെങ്കിലും ബ്ലോഗർമാർക്കുള്ള അംഗീകാരമായതിനെ ഞാൻ കാണുന്നു. അന്ന് ആശിച്ചതു പോലെ പുതിയ ബ്ലോഗുമായി ഇറങ്ങുകയാണ്.


സാഹിത്യത്തിൽ ഒരു പിടിയുമില്ലാത്തതിനാൽ ധാർമ്മിക രോഷമേ ബ്ലോഗിന്ന് വിഷയമാക്കാൻ എനിക്കാവൂ. പണ്ട് തലശ്ശേരിക്കാരൻ ബാഹുലേയൻ എന്ന അഭ്യുദയകാംക്ഷി പതിവായി ആരോപിച്ചിരുന്നതുപോലെ 'കുക്കുടഭോഗം' പോസ്റ്റുകൾ അഥവാ വായിക്കാൻ തുടങ്ങും മുൻപ് അവസാനിക്കുന്ന ശീഘ്രസ്ഖലനം പോസ്റ്റുകളുമായി വീണ്ടും സജീവമാകണം എന്നാഗ്രഹിക്കുന്നു; ബ്ലോഗർ എന്ന് അറിയപ്പെടാൻ വേണ്ടിമാത്രം. എന്നുകരുതി ആരും ഓടിയൊളിക്കണ്ട, ലിങ്കുമായി മെസ്സേജയക്കില്ല, മെയിലും.

മുഷ്ടിമൈഥുനത്തിന്ന്, ചുരുട്ടുവാൻ ശേഷിയുള്ള ഒരു മുഷ്ടി അത്യാവശ്യമാണെന്നതുകൊണ്ട് ഹെഡ്ഡിങ്ങാക്കിയ ബാനറിൽ വിക്കിപീഡിയയുടെ കോമൺസിൽ നിന്ന് ഒരു ചിത്രം എടുത്തിട്ടുണ്ട്. അനുമതിയൊന്നും വാങ്ങിയിട്ടില്ലെങ്കിലും ആ അജ്ഞാത ഡിസൈനർക്ക് നന്ദി പറയുന്നു.

ഏത് വിഷയത്തിലുമുള്ള ക്ലാസ്സുമായിക്കൊള്ളട്ടെ, പഠിപ്പിക്കുന്നവൻ ആദ്യം ഉന്നയിക്കുക; 'എന്താണ് ബയോളജി?' എന്നമാതിരി ചോദ്യമായിരിക്കും. ആരേയും ഒന്നും പഠിപ്പിക്കലല്ല ഉദ്ദേശമെങ്കിലും ഞാൻ ചോദിക്കുന്നൂ 'എന്താണ് ധാർമ്മികരോഷം?'. സത്യായിട്ടും ഇതിനുത്തരം  എനിക്ക് അറിയില്ല. പക്ഷേ സ്വർഗ്ഗത്തിൽ പോയാലും അവിടെയും ധാർമ്മികരോഷം ഉന്നയിക്കാൻ അവസരമുണ്ടാവുമെന്നു കരുതുന്നു.

എന്താണു ധാർമ്മികരോഷം എന്ന ചോദ്യത്തിനുത്തരമായി സൈബർ യാത്രയ്ക്കിടയിൽ കണ്ണിൽ ഉടക്കിയ ഒരു ഭർത്താവിന്റെ രോഷം ഇവിടെ പകർത്തി ആമുഖക്കുറിപ്പ് അവസാനിപ്പിക്കുന്നു.

ഭാര്യ: ഇങ്ങക്കെന്താ ഇത്ര സന്തോഷം?

ജോണ്‍: ഞാനിന്നൊരു ലാഭക്കച്ചോടം നടത്തിയെടീ..

ജോണ്‍: ഒരു കാർ ടയർ..റേഡിയൽ ടൈപ്പ്..നല്ല ഗ്രിപ്പ് ഉണ്ട്..ചെറിയ വിലക്ക് ഞാൻ അടിച്ചെടുത്തു.

ഭാര്യ: നിങ്ങൾക്ക് ഭ്രാന്തുണ്ടോ മനുഷ്യാ? കാർ ഇല്ലാത്ത നിങ്ങള്ക്കെന്തിനാ ടയർ?

ജോണ്‍: അതിനെന്താ!! നീ ബ്രാ വാങ്ങാറുണ്ടല്ലോ...അതുപോലെ കണക്കാക്ക്യാ മതി..

* ഉപമിച്ചവൻ എന്നെഴുതിയത് 'അവൾക്ക്' ഇത്തരം വിഷയങ്ങളിൽ അങ്ങനെയൊന്നും ഉപമിക്കാനാവില്ല എന്ന ഉത്തമ വിശ്വാസം കൊണ്ട് തന്നെ!